Monday, 20 March 2023

മയിൽപ്പീലിത്തുണ്ടുകൾ

 മിഴികൾ എപ്പോഴും കാൽ വിരലുകളിലൂന്നണം,
അമ്മ സ്നേഹത്തോടെ പറഞ്ഞു.
ശബ്ദം നാലു ചുമരുകൾക്കപ്പുറത്ത് കേൾക്കരുത്,
അച്ഛൻ കാർക്കശ്യത്തോടെ നോക്കി.
അടക്കവും ഒതുക്കവും അലങ്കാരമാവണം,
മുത്തശ്ശി വാത്സല്യത്തോടെ തലോടി.
മുള്ളിനാൽ മുറിവേൽക്കുന്ന ഇലയാവരുത്,

ചേട്ടൻ ചേർത്ത് പിടിച്ചു.

എൻ്റെ ഇഷ്ടങ്ങളാണ് ഇനി നിൻ്റെ ഇഷ്ടങ്ങൾ,

പ്രിയപ്പെട്ടവൻ ചുംബനങ്ങൾ കൊണ്ടു മൂടി.



സ്നേഹത്തേൻ കിനിഞ്ഞ വാക്കുകളെല്ലാം

എൻ്റെ മോഹഭംഗങ്ങളുടെ ആലയിൽ

വെന്തുരുകി

ചങ്ങലക്കണ്ണികളായി പുനർജനിച്ചുകൊണ്ടിരുന്നു

മുറുകുന്ന ചങ്ങലകൾക്കിടയിൽപ്പെട്ട്

എൻ്റെ ആകാശം തൊടുന്ന ചില്ലകളും

ഭൂമിയിലേക്കാഴ്ന്നിറങ്ങിയ വേരുകളും

വരണ്ടുണങ്ങിക്കൊണ്ടേയിരുന്നു.

കൂട്ടിനായി ആരും കാണാതെ മനസ്സിൻ്റെ കോണിൽ ഒളിപ്പിച്ച, 

സ്വപ്നങ്ങൾ നിറം ചാലിച്ച

മയിൽപ്പീലികൾ മാത്രം.



ആകാശം കാണാതെ ഒളിച്ചുവെച്ച

എൻ്റെ മയിൽപ്പീലിത്തുണ്ടുകളും തട്ടിപ്പറിക്കപ്പെട്ട 

ആ തുലാവർഷ സന്ധ്യയിൽ ചങ്ങലകൾ അഴിച്ചെറിഞ്ഞ് 

അഴിഞ്ഞുലഞ്ഞ മുടിയുമായി ഞാൻ ഇരുട്ടിലേക്കോടിയിറങ്ങി

ഇരുണ്ട മഴയെ നോക്കി പൊട്ടിച്ചിരിച്ചു…

ഉറക്കെയുറക്കെ….

ഇടിമിന്നലിനേക്കാളുറക്കെ….



അവളുടെ മിഴികൾ തീക്ഷ്ണതയോടെ

തിളങ്ങിത്തുടങ്ങിയിരുന്നു.

ഏതു മുള്ളിനെയും ചുട്ടെരിക്കുന്ന

തീയായി അവൾ മാറിയിരുന്നു.

ഉള്ളംകയ്യിൽ ഒതുക്കി വെച്ച മയിൽപ്പീലിയെ

നെഞ്ചോടു ചേർത്ത്,

സ്വന്തം ഇഷ്ടങ്ങളെ, സ്വപ്നങ്ങളെ, ലക്ഷ്യങ്ങളെ വീണ്ടും പ്രണയിയ്ക്കാൻ തുടങ്ങിയിരുന്നു.


..........................................................................


അന്ന്,

മഴ പെയ്തു തെളിഞ്ഞ മാനത്തിലെ

ആദ്യ സൂര്യകിരണത്തിൽ വർണ മാരിവില്ലുദിച്ചിരുന്നു...

അവൾ,

പീലി വിടർത്തിയാടുന്ന

പൊൻ മയിലായി മാറിയിരുന്നു....



- അനാമിക



No comments:

Post a Comment

മയിൽപ്പീലിത്തുണ്ടുകൾ

  മിഴികൾ എപ്പോഴും കാൽ വിരലുകളിലൂന്നണം, അമ്മ സ്നേഹത്തോടെ പറഞ്ഞു. ശബ്ദം നാലു ചുമരുകൾക്കപ്പുറത്ത് കേൾക്കരുത്, അച്ഛൻ കാർക്കശ്യത്തോടെ നോക്കി. അടക...