Monday, 20 March 2023

മയിൽപ്പീലിത്തുണ്ടുകൾ

 മിഴികൾ എപ്പോഴും കാൽ വിരലുകളിലൂന്നണം,
അമ്മ സ്നേഹത്തോടെ പറഞ്ഞു.
ശബ്ദം നാലു ചുമരുകൾക്കപ്പുറത്ത് കേൾക്കരുത്,
അച്ഛൻ കാർക്കശ്യത്തോടെ നോക്കി.
അടക്കവും ഒതുക്കവും അലങ്കാരമാവണം,
മുത്തശ്ശി വാത്സല്യത്തോടെ തലോടി.
മുള്ളിനാൽ മുറിവേൽക്കുന്ന ഇലയാവരുത്,

ചേട്ടൻ ചേർത്ത് പിടിച്ചു.

എൻ്റെ ഇഷ്ടങ്ങളാണ് ഇനി നിൻ്റെ ഇഷ്ടങ്ങൾ,

പ്രിയപ്പെട്ടവൻ ചുംബനങ്ങൾ കൊണ്ടു മൂടി.



സ്നേഹത്തേൻ കിനിഞ്ഞ വാക്കുകളെല്ലാം

എൻ്റെ മോഹഭംഗങ്ങളുടെ ആലയിൽ

വെന്തുരുകി

ചങ്ങലക്കണ്ണികളായി പുനർജനിച്ചുകൊണ്ടിരുന്നു

മുറുകുന്ന ചങ്ങലകൾക്കിടയിൽപ്പെട്ട്

എൻ്റെ ആകാശം തൊടുന്ന ചില്ലകളും

ഭൂമിയിലേക്കാഴ്ന്നിറങ്ങിയ വേരുകളും

വരണ്ടുണങ്ങിക്കൊണ്ടേയിരുന്നു.

കൂട്ടിനായി ആരും കാണാതെ മനസ്സിൻ്റെ കോണിൽ ഒളിപ്പിച്ച, 

സ്വപ്നങ്ങൾ നിറം ചാലിച്ച

മയിൽപ്പീലികൾ മാത്രം.



ആകാശം കാണാതെ ഒളിച്ചുവെച്ച

എൻ്റെ മയിൽപ്പീലിത്തുണ്ടുകളും തട്ടിപ്പറിക്കപ്പെട്ട 

ആ തുലാവർഷ സന്ധ്യയിൽ ചങ്ങലകൾ അഴിച്ചെറിഞ്ഞ് 

അഴിഞ്ഞുലഞ്ഞ മുടിയുമായി ഞാൻ ഇരുട്ടിലേക്കോടിയിറങ്ങി

ഇരുണ്ട മഴയെ നോക്കി പൊട്ടിച്ചിരിച്ചു…

ഉറക്കെയുറക്കെ….

ഇടിമിന്നലിനേക്കാളുറക്കെ….



അവളുടെ മിഴികൾ തീക്ഷ്ണതയോടെ

തിളങ്ങിത്തുടങ്ങിയിരുന്നു.

ഏതു മുള്ളിനെയും ചുട്ടെരിക്കുന്ന

തീയായി അവൾ മാറിയിരുന്നു.

ഉള്ളംകയ്യിൽ ഒതുക്കി വെച്ച മയിൽപ്പീലിയെ

നെഞ്ചോടു ചേർത്ത്,

സ്വന്തം ഇഷ്ടങ്ങളെ, സ്വപ്നങ്ങളെ, ലക്ഷ്യങ്ങളെ വീണ്ടും പ്രണയിയ്ക്കാൻ തുടങ്ങിയിരുന്നു.


..........................................................................


അന്ന്,

മഴ പെയ്തു തെളിഞ്ഞ മാനത്തിലെ

ആദ്യ സൂര്യകിരണത്തിൽ വർണ മാരിവില്ലുദിച്ചിരുന്നു...

അവൾ,

പീലി വിടർത്തിയാടുന്ന

പൊൻ മയിലായി മാറിയിരുന്നു....



- അനാമിക



Monday, 28 February 2022

നിറഞ്ഞ മിഴികൾ

 വെയിലിൻ്റെ കാഠിന്യം കുറയുംതോറും കടലിൻ്റെ സന്തോഷം കൂടി വന്നു.തന്നോട് കൂട്ടുകൂടാൻ എത്തിയവരുടെ തിരക്ക് അവളെ ആവേശം കൊള്ളിച്ചു. അവൾ അവർക്കു വേണ്ടി ആടി, പാടി, തമാശ പറഞ്ഞു, പൊട്ടിച്ചിരിച്ചു.അവർക്കൊപ്പം കളിച്ചു.എല്ലാവരെയും ഒരുപോലെ സന്തോഷിപ്പിച്ചു...സ്നേഹിച്ചു. പക്ഷേ രാത്രിയടുത്തപ്പോൾ എല്ലാവരും യാത്രയായി. ഓരോ കാരണങ്ങൾ പറഞ്ഞ്, ഒറ്റക്കും കൂട്ടമായും.അവർക്കൊപ്പം എത്താൻ അവൾ ആവതും ശ്രമിച്ചു. സർവ്വ ശക്തിയുമെടുത്ത് ആഞ്ഞടിച്ചു...ആർത്തലച്ചു.രോഷം സങ്കടത്തിനു വഴിമാറി.തൻ്റെ കൂട്ടുകാർ ഉപേക്ഷിച്ചു പോയ കടലപ്പൊതികളും മിഠായിക്കടലാസുകളും നോക്കി അവൾ സങ്കടപ്പെട്ടു. നിശ്ശബ്ദയായി കരഞ്ഞു...എല്ലാം കഴിഞ്ഞ് രാത്രിയിൽ ശാന്തയായ കടലിനെ നോക്കി നിറഞ്ഞ മിഴികളുമായി കര ചോദിച്ചു "നീയിതുവരെ എന്നെ കണ്ടില്ലേ?"



- അനാമിക



Tuesday, 25 January 2022

ഭ്രാന്തിക്കുന്ന്

 മഴ മാറി നിൽക്കുന്ന മഴക്കാല സന്ധ്യയിൽ

 ദൂരെ കാണുന്ന ഭ്രാന്തി കുന്നിൽ പോകണം...

വസന്തമെത്തുമ്പോൾ ഭ്രാന്തമായി പൂക്കുന്ന 

കുന്നിൻ്റെ ഏറ്റവും മുകളിൽ ചെല്ലണം...

കുന്നിൻ്റെ ഹൃദയത്തിലേക്ക്

ആഴത്തിൽ വേരൂന്നിയ മരത്തിൻ്റെ

മുകളിലെ ചില്ലയിൽ കയറിയിരിക്കണം...

അടുത്ത മഴയ്ക്ക് മുൻപായി വീശുന്ന

 കാറ്റിൽ മരങ്ങളോടൊപ്പം ഉലഞ്ഞ് ഊഞ്ഞാലാടണം...

തിമർത്ത് പെയ്യുന്ന മഴയിൽ നനയണം...

ചുറ്റും പരക്കുന്ന ഇരുട്ടിനെ നോക്കി

 ഉറക്കെ ഉറക്കെ പൊട്ടിച്ചിരിക്കണം...

                              - അനാമിക

മടക്കയാത്ര

 ഇരുണ്ട രാത്രികളിൽ മാത്രം

വിടരുന്ന നിശാഗന്ധികൾ...

പടർന്നു പന്തലിച്ച മരങ്ങൾ

കാവൽ നിൽക്കുന്ന ഇടവഴികൾ...

തോരാതെ പെയ്യാൻ വെമ്പുന്ന

ഇരുണ്ട മഴമേഘങ്ങൾ...

രൗദ്ര ഭാവത്തിൽ ആർത്തലയ്ക്കുന്ന കടൽ...

നിറഞ്ഞു കവിയുന്ന മൗനങ്ങൾ...

നീളുന്ന നിശബ്ദത...

ആ കടലിരമ്പുന്നത് എൻ്റെ ഹൃദയത്തിലാണ്...

ഞാൻ...

എന്നിലേക്ക് തന്നെ പെയ്യുകയാണ്...

എന്നിലേക്കുള്ള മടക്കയാത്രയിലാണ്...


                       -അനാമിക

പനിനീർപ്പൂക്കൾ

 വളരെയേറെ പൂക്കൾ വിടർന്നിരുന്നെങ്കിലും എന്തുകൊണ്ടോ ആ പനിനീർപൂ അവളെ ആകർഷിച്ചു.ഒന്നും സ്വന്തമാക്കാൻ ആഗ്രഹിക്കാത്ത അവളുടെ മനസ്സ് ആ പൂവിനെ മോഹിച്ചു.പൂവിറുക്കാനായി നീട്ടിയ കൈകളെ തടഞ്ഞു കൊണ്ട് ഒരു പൂത്തുമ്പി പറഞ്ഞു " അരുത്...മുള്ളുകൾ...".തിരിഞ്ഞു നടന്ന അവൾക്കു നേരെ ഇറുത്തെടുത്ത പനിനീർപൂവുമായി അവൻ നിന്നു. മുള്ളുകൾ...അവൾ അത് നിരസിച്ചു.പക്ഷേ...തിരിഞ്ഞു നടന്ന അവളുടെ കൈകളിൽ മുള്ളുകൾ കൊണ്ടെന്ന പോലെ രക്തം പൊടിഞ്ഞിരുന്നു...

കാലമേറെ കൊഴിഞ്ഞിട്ടും എന്തുകൊണ്ടോ ആ മുറിവിനിയും മാഞ്ഞില്ല...ആ പനിനീർച്ചെടി ഇനിയും പൂവിട്ടില്ല...


                                 -അനാമിക

ഉന്മാദിനിപ്പെൺമരം

 ഹൃദയത്തിൻ്റെ തെക്കേ കോണിൽ അടഞ്ഞു കിടക്കുന്ന ഒരു മുറിയുണ്ട്.ഏകാന്തതയുടെ യാമങ്ങളിൽ കൊഴിഞ്ഞു വീണ മയിൽപീലികളുടെ വർണ്ണങ്ങൾ പൊടിതട്ടിയെടുക്കാനായി മാത്രം തുറക്കുന്ന മുറി.ഇന്നിൻ്റെ സൂര്യകിരണമേൽക്കാതെ ഇന്നലെയുടെ നിലാവേറ്റ് മയങ്ങുന്ന ഒരുപാട് നിറം മങ്ങിയ മയിൽപീലിത്തുണ്ടുകൾ ചിതറിക്കിടപ്പുണ്ട് അവിടെ.അവയ്ക്കോരോന്നിനും പറയാനുണ്ട് അലസിപ്പോയ ചില ഗർഭങ്ങളുടെ കഥകൾ.ക്രമമായി അടുക്കിയാൽ ഇന്നലെകളുടെ കണ്ണാടിയായി മാറുന്നവ.ആ കണ്ണാടിയിൽ അവളൊരു സ്വപ്നാടകയായി മാറുന്നു...ചിലപ്പോൾ ഒരു ഭ്രാന്തിയെ പോലെ അലറുന്നു...മറ്റു ചിലപ്പോൾ കൃത്യമല്ലാത്ത ചുവടുകളിൽ നൃത്തം ചെയ്യുന്നു...ക്രമമല്ലാത്ത രാഗങ്ങളിൽ പാടുന്നു...ഇരുട്ട് കട്ട പിടിച്ച ആ മുറിയിലെ മയിൽപീലികൾക്കൊപ്പം മാത്രം ഇന്നും 'അവൾ' ജീവിക്കുന്നു...


                                  -അനാമിക

മയിൽപ്പീലിത്തുണ്ടുകൾ

  മിഴികൾ എപ്പോഴും കാൽ വിരലുകളിലൂന്നണം, അമ്മ സ്നേഹത്തോടെ പറഞ്ഞു. ശബ്ദം നാലു ചുമരുകൾക്കപ്പുറത്ത് കേൾക്കരുത്, അച്ഛൻ കാർക്കശ്യത്തോടെ നോക്കി. അടക...